---
title: "ബസ് ജീവനക്കാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം; ഹൈക്കോടതി"
english_title: "Bus employees need clearance certificate: High Court"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311838/Bus employees need clearance certificate: High Court"
published_at: "2025-08-29T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1a9569551f_1000308666.jpg"
keywords: []
---

# ബസ് ജീവനക്കാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം; ഹൈക്കോടതി

> **Lead Summary:** കൊച്ചി: റോഡ് അപകടങ്ങൾ കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനും സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാനും ലക്ഷ്യമിട്ട് മോട്ടർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി ശരിവച്ചു.

## Article Content

കൊച്ചി: റോഡ് അപകടങ്ങൾ കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനും സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാനും ലക്ഷ്യമിട്ട് മോട്ടർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി ശരിവച്ചു.

ഡ്രൈവർക്കും കണ്ടക്ടർക്കും ഡോർചെക്കർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ മുന്നിലും പിന്നിലും ഉള്ള ക്യാമറ, വാഹനത്തിന്റെ സ്ഥാനം കൃത്യമായി അറിയാൻ ജിയോ ഫെൻസിങ് സംവിധാനം എന്നിവ വേണമെന്ന നിർദേശങ്ങളാണു ശരിവച്ചത്.

സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി 2025 ജനുവരി 24ന് എടുത്ത തീരുമാനവും ഇതിന്റെ തുടർച്ചയായി ട്രാൻസ് പോർട്ട് കമ്മീഷണർ ഏപ്രിൽ 28നു പുറപ്പെടുവിച്ച സർക്കുലറും ചോദ്യം ചെയ്ത് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നൽകിയതുൾപ്പെടെ ഒരുകൂട്ടം ഹർജികൾ തള്ളിയാണു കോടതി നടപടി.

സംസ്‌ഥാനത്ത് 2023 നും 2025 നും ഇടയിൽ 1017 ബസ് അപകടങ്ങൾ ഉണ്ടാകുകയും ദിവസേന അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ നിയമ, ചട്ടങ്ങൾക്ക് അനുസൃതമാണെന്നു ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311838/Bus employees need clearance certificate: High Court)